Crime
പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് സമ്മതിച്ച് ഇ പി ജയരാജൻ

കണ്ണൂർ: സി പി എം നേതാവ് പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് സമ്മതിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ് പി. ജയരാജൻ ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജൻ ഇ പിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജൻ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരത്തിലൊരു ആരോപണം പി ജയരാജൻ ഉന്നയിച്ചിട്ടില്ലെന്നും എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.