KERALA
ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു

പത്തനംതിട്ട: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അന്തരിച്ചു. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 2.30 മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 മുതല്‍ മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷമാണ്.
ആത്മീയതക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട ആളാണ് ഡോ. ജോസഫ് മാര്‍ത്തേമ മെത്രാപ്പൊലീത്ത. സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാണ് തിരുമേനി വിടവാങ്ങുന്നത്. മാര്‍ത്തോമ സഭയ്ക്കാപ്പം കേരളത്തിനും തീരാനഷ്ടമാണ് മെത്രാപ്പൊലീത്തയുടെ വിയോഗം.
മത സൗഹാര്‍ദവും മാനവമൈത്രിയും ഊട്ടിയുറപ്പിച്ച മാരാമണ്ണിന്റെ സ്വന്തം തിരുമേനി. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ ഇരുപത്തിയൊന്നാമത്തെ പരമാധ്യക്ഷന്‍. 1931 ജൂണ്‍ 27 ന് മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെട്ട അബ്രഹാം മല്‍പ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിലാണ് ജനനം. കുട്ടിക്കാലം മുതല്‍ വള്ളംകളിയിലും കൃഷിയിലും താത്പര്യം പ്രകടിപ്പിച്ച തിരുമേനി പില്‍ക്കാലത്ത് പാരിസ്ഥിക വിഷയങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിച്ചു. കോഴഞ്ചേരിയിലും ആലുവയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബെംഗളൂരുവില്‍ നിന്ന് തിയോളജിയില്‍ ബിരുദം. 1957ല്‍ ശെമ്മാശ പട്ടവും കശീശ പട്ടവും ലഭിച്ചു. 1975 ല്‍ ത്യശൂരില്‍ റമ്പാനായ തിരുമേനി ഇതേ വര്‍ഷം തന്നെ എപ്പിസ്‌കോര്‍പ്പയായി. 1999 ലാണ് സഫ്രഗണ്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.
2007 ഒക്ടോബര്‍ 2 ന് ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ തിരുമേനി ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനം ഒഴിഞ്ഞപ്പോള്‍ സഭയുടെ പരമാധ്യക്ഷ പദവിയില്‍. അധ്യക്ഷ സ്ഥാനത്തെത്തി നീണ്ട പതിമൂന്ന് വര്‍ഷത്തിനിടയില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ നടത്തി. പരമാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ സഭയുടെ ആത്മീയവും ബൗദിയുമായ വളര്‍ച്ചയ്ക്ക് കര്‍ശന തീരുമാനങ്ങളും നിലപാടുകളും സ്വീകരിച്ചു. വ്യക്തി ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിച്ച തിരുമേനി സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു.