KERALA
കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ സഹോദരൻ സി.പി.എമ്മിനെ ഞെട്ടിച്ച് ബി.ജെ.പിയിൽ

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ചൊക്ലി മേന പ്രത്തെ പുഷ്പന്റെ സഹോദരൻ ബി.ജെ.പി യിൽ ചേർന്നു.സി.പി.എമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ പുതുക്കുടി ശശിയാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത് . സി.പി.എമ്മിൻ്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സഹോദരൻ സിപിഎമ്മിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത്.
ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പൻ്റെ സഹോദരൻ ശശി അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ പരമായി സി പി എമ്മിന് ഇത് കനത്ത തിരിച്ചടിയായി. പ്രത്യേകിച്ചും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ ശക്തികേന്ദ്രത്തിലെ ചോർച്ച മറികടക്കാൻ സി.പി.എം ഏറെ വിയർപ്പൊഴുക്കേണ്ടി വരും.ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവാണ് ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് സി.പി.എം നേതൃത്യം ഇതുവരെ പ്രതികരിച്ചില്ല.