Connect with us

Crime

സിപിഐ ജില്ലാ സെക്രട്ടറിയും  ഇ.ചന്ദ്രശേഖനും ആക്രമിച്ചവരെ അറിയില്ലെന്ന മൊഴിയാണ് നല്‍കിയ തെന്ന്  എം.വി.ഗോവിന്ദന്‍.

Published

on

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ച കേസില്‍ പ്രതികളെ വിട്ടയച്ചത് സാക്ഷികള്‍ കൂറുമാറിയതിനാലാണെന്ന് മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
ആ കേസില്‍ സാക്ഷികളാരും കൂറുമാറിയിട്ടില്ലെന്നും എല്ലാ സാക്ഷികളും ഒരേനിലയില്‍ മൊഴി നല്‍കിയതിനാലാണ് പ്രതികളെ ആരും തിരിച്ചറിയാതെ പോയതെന്നുമുള്ള സിപിഎം എംഎല്‍എ കെ.പി.കുഞ്ഞമ്മദ്കുട്ടി സഭയില്‍ നടത്തിയ പരാമര്‍ശത്തെ ഗോവിന്ദന്‍ പിന്തുണയ്ക്കുകയും ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറിയും അക്രമത്തിന് ഇരയായ ഇ.ചന്ദ്രശേഖനും ആക്രമിച്ചവരെ അറിയില്ലെന്ന മൊഴിയാണ് നല്‍കിയതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മൊഴികളെല്ലാം താന്‍ വായിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞമ്മദ്കുട്ടിയുടെ പരാമര്‍ശം തള്ളിയാണ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം സാക്ഷികള്‍ കൂറുമാറിയെന്ന് സഭയില്‍ വിശദീകരണം നല്‍കിയത്. സി.പി.എമ്മുകാരെന്ന് സൂചിപ്പിക്കാതെ, പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയതാണ് തിരിച്ചടിയായതെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഈ വിശദീകരണം കേട്ടതോടെ, നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രതിപക്ഷ അംഗങ്ങളും കൈയടിച്ചിരുന്നു.
‘സിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ പറഞ്ഞത് ഇതിനകത്ത് ആരെല്ലാം ഉണ്ടെന്ന് അറിയില്ലെന്നാണ്. ആക്രമിച്ച ആള്‍ ആരാണെന്ന് തനിക്കറിയില്ലെന്ന് ചന്ദ്രശേഖരന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. സാക്ഷികളെല്ലാവരും പറഞ്ഞത് അക്രമികളെ അറിയില്ലെന്നാണ്. സിപിഎമ്മിന്റെ ആളുകള്‍ മാത്രമല്ല അറിയില്ലെന്ന് പറഞ്ഞത്’ ഗോവിന്ദന്‍ പറഞ്ഞു.
സഭാ സമ്മേളനം യഥാര്‍ത്ഥത്തില്‍ വെട്ടിചുരുക്കേണ്ടി വന്നത്, ജനങ്ങളുടെ ഒരു പ്രശ്നവും നിയമസഭയ്ക്കകത്ത് ചര്‍ച്ച ചെയ്യരുത് എന്ന പ്രതിപക്ഷത്തിന്റെ വാശിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. സമാന്തര സഭയടക്കം കൂടി നിയമസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത രീതിയിലുള്ള പുതിയ സംവിധാനമാണ് രൂപപ്പെടുത്തിയത്. മാധ്യമങ്ങളാണ് ഇതിന്റെ പ്രേരകശക്തി. അടിയന്തര പ്രമേയത്തിന്റെ കണക്ക് കൃത്യമായി സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. സഭയില്‍ ഭരണഘടനാ വകുപ്പുകള്‍ നോക്കിയല്ലാതെ ചര്‍ച്ചകള്‍ നടത്താന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
റബ്ബര്‍ വില സംബന്ധിച്ച തന്റെ മുന്‍പ്രസ്താവനയില്‍ അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തു. ‘റബ്ബറിന്റെ താങ്ങുവില 300 രൂപ ആക്കില്ലെന്നല്ല ഞാന്‍ പറഞ്ഞത്. ആക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞത്. കാരണം, കുത്തക മുതലാളിമാരുടെ താത്പര്യമാണ് ബിജെപി സര്‍ക്കാരിന്റേത്. അവരുടെ താത്പര്യം മറികടന്ന് കൃഷിക്കാരുടെ താത്പര്യം സംരക്ഷിക്കുമെന്നാണോ പറയുന്നത്. വഞ്ചിക്കപ്പെടതാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം’ ഗോവിന്ദന്‍ പറഞ്ഞു.
ആരെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനനുസരിച്ച് മാറുന്നതല്ല റബ്ബര്‍ വില. അതിന് കൃത്യമായ ഇക്കണോമിക്സ് ഉണ്ട്. അതൊന്ന് എല്ലാവരും പഠിച്ച് നോക്കണം. വില കുറയ്ക്കുമെന്ന് അധികാരത്തില്‍ വന്നിട്ട് 410 രൂപ വിലയുണ്ടായിരുന്നു പാചകവാതക സിലിണ്ടറിന് 1110 രൂപയായി. സ്ബ്സിഡിയും ഇല്ല.
ഹിന്ദു,മുസ്ലിം, ക്രിസ്ത്യന്‍ ഇവ മൂന്നും സാര്‍വദേശീയ മതങ്ങളാണ്. അവ ഇതുപോലെ ഈ റേഷ്യോയില്‍ ജീവിക്കുന്ന ഒരുനാടും ഈ ലോകത്തില്ല. അവിടെ വിഷംകലക്കാനാണ് ശ്രമം. അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സിപിഎം ജാഥയില്‍ പറഞ്ഞതെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading