Crime
തിരിച്ചടിച്ച് ഇന്ത്യ.ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു.

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ ഇന്ത്യ വെട്ടിക്കുറച്ചു. ചാണക്യപുരിയിലെ ഓഫീസിന് മുന്നിലെ പൊലീസ് ബാരിക്കേടുകളും ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്‍റെ രാജാജി മാർഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്.
ഖലിസ്ഥാൻ തീവ്രവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരേ പഞ്ചാബ് പൊലീസും കേന്ദ്ര സേനകളും നടത്തുന്ന നീക്കത്തിൽ രോഷം പ്രകടിപ്പിക്കാൻ ലണ്ടനിലെ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ഞായറാഴ്ച ആക്രമിക്കുകയും ദേശീയ പതാക വലിച്ചുതാഴ്ത്തി തലകീഴായി കെട്ടുകയും ചെയ്തിരുന്നു. അക്രമികളെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
ഖലിസ്ഥാൻ വാദികൾ കെട്ടിടത്തിൽ കയറുന്നതും ദേശീയ പതാക അഴിച്ചുമാറ്റുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമാണ് അറിയിച്ചിരുന്നു. ഹൈക്കമ്മീഷൻ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്നും വിയന്ന കൺവെൻഷനു വിരുദ്ധമാണ് ഈ നടപടിയെന്നും ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ വീഴ്ച അംഗീകരിക്കാനാവില്ല. അക്രമികള്‍ക്ക് കെട്ടിടത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. അക്രമികൾക്കെതിരേ ഉടൻ നടപടികൾ സ്വീകരിക്കണം- ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.