Connect with us

Crime

നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

Published

on

തിരുവനന്തപുരം :നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.  അതിനാൽ തന്നെ ഡോക്ടർമാരുമായി സംസാരിച്ചശേഷം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ് ഒഴിവാക്കിയേക്കും. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റത്. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കും രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെ കേസ് എടുത്തിരുന്നു. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വാച്ച് ആൻഡ് വാർഡിനെ ന്യായീകരിക്കുകയും അവരെ ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൂടാതെ വടകര എംഎൽഎ കെ.കെ. രമയുടെ കൈയിലെ പരുക്ക് വ്യാജമാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി കൈ പരിശോധിക്കുകയും ഡോക്ടർ ലിഗ്‌മെന്റിന് പ്രശ്നം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എക്സറേ രമയുടേത് അല്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.

Continue Reading