Crime
അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍

തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിജേഷ് പിടിയില്‍. അനുമോളുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ വിജേഷിനെ കുമളിക്കു സമീപം തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് പിടികൂടിയത്. വിജേഷിന്റെ മൊബൈല്‍ ഫോണ്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വനമേഖലയില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈല്‍ വനത്തില്‍ ഉപേക്ഷിച്ചത്. ഏക മകളെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് വിജേഷ് ഒളിവില്‍ പോയത്. വനമേഖലയില്‍ ഒളിവില്‍ കഴിയുമ്പോലാണ് പൊലീസ് വിജേഷിനെ പിടികൂടിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതല്‍ കാണാനില്ലായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്നാട് അതിര്‍ത്തിയിലെ വനത്തില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. 17ന് സ്‌കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാല്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമോള്‍ സ്‌കൂളിലെത്തിയില്ല. മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി.
പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.