KERALA
തിരുവന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ. സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സംസ്ഥാന സര്‍ക്കാരിന് പുറമെ, വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. എല്ലാ ഹര്‍ജികളും കോടതി തള്ളി. വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും, രാജ്യത്തെ നഷ്ടത്തിലായ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും പരാജയപ്പെട്ടു എന്നും കേന്ദ്രം വാദിച്ചു.എന്നാല്‍ അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.