Connect with us

Crime

ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

Published

on

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍ കോടികള്‍ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

താന്‍ ബാര്‍ കോഴ കേസുമായ് ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് മാധ്യമങ്ങളോട് വെളിപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി ബന്ധപ്പെട്ടിരുന്നു. എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ മെയിലില്‍ നിന്നും തനിക്ക് വന്നിരുന്നു. ഇക്കാര്യമെല്ലാം അന്വേഷിച്ചാല്‍ വ്യക്തമാവും. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്‍മൂലനം ചെയ്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ജോസ് കെ.മാണി പറയുന്നത്. ഇത് ശരിയല്ല. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എന്നിവരുമായാണ്. ബാര്‍ കോഴ ഉണ്ടായിരുന്നില്ലെങ്കില്‍ മാണി സാര്‍ എല്‍.ഡി.എഫിലേക്ക് വരുമായിരുന്നുവെന്നാണ് അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും എല്‍.ഡി.എഫിലേക്ക് പോവുമായിരുന്നുവെങ്കില്‍ ആരോപണം ഉന്നയിക്കില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

കേസ് ഇല്ലായിരുന്നുവെങ്കില്‍ കെ.എം മാണി മുഖ്യമന്ത്രിയാവുമായിരുന്നുവെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കില്‍ ബാറുകളും തുറന്ന് കിട്ടുമായിരുന്നു. എല്‍.ഡി.എഫിന് അഴിമതിക്കാരെ കൂട്ട് പിടിക്കേണ്ട ആവശ്യമില്ലായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു.പഴയ സര്‍ക്കാര്‍ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോള്‍ പഴയ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.

Continue Reading