Connect with us

Crime

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍  മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചെന്ന്  അമിത് ഷാ

Published

on

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാന്‍, യുപിഎ ഭരണകാലത്ത് സിബിഐ നിര്‍ബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ കേസില്‍ കുടുക്കാന്‍ സിബിഐ തീവ്ര ശ്രമം നടത്തിയെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തന്നെ ചോദ്യം ചെയ്തപ്പോള്‍ മോദിയുടെ പേരു പറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു സിബിഐ. ഇതിന്റെ പേരില്‍ ബിജെപി ബഹളമൊന്നും ഉണ്ടാക്കിയില്ലെന്ന് അമിത് ഷാ പറഞ്ഞു.

കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സഭാംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുല്‍ ഗാന്ധി. കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനു പകരം വെറുതെ ബഹളമുണ്ടാക്കുകയാണ് രാഹുല്‍. തന്റെ വിധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നും ഷാ പറഞ്ഞു.

രാഹുല്‍ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല. ഇത് അഹങ്കാരമല്ലേ? എംപിയായി തുടരുകയും വേണം, എന്നാല്‍ കോടതിയെ സമീപിക്കുകയുമില്ല എന്നാണ് രാഹുലിന്റെ നിലപാട്. ഇതെങ്ങനെ അനുവദിച്ചുകൊടുക്കാനാവും എന്ന് അമിത് ഷാ ചോദിച്ചു.

Continue Reading