Connect with us

Crime

അട്ടപ്പാടി മധു വധക്കേസിൽ വിധി ഏപ്രിൽ നാലിന്

Published

on


മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രഖ്യാപനം ഏപ്രിൽ നാലിലേക്ക് മാറ്റി.മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താൽ 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് അവശനാക്കി കൊലപ്പെടുത്തി എന്നാണ് കേസ്.

മധു കൊല്ലപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. വിചാരണ ആരംഭിച്ചത് മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധിവരെ തടയാൻ പ്രോസിക്യൂഷന് സാധിച്ചത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16പേരാണ് കേസിൽ പ്രതികൾ. 129 സാക്ഷികളിൽ 100പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24പേർ കൂറുമാറി. 77പേർ അനുകൂലമായി മൊഴി നൽകി. 10 മുതൽ 17 വരെയുള്ള സാക്ഷികൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവരാണ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെയാണ് ആദ്യം വിസ്തരിച്ചത്. അഡ്വ. രാജേഷ് എം മേനോനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആസൂത്രിതമായി കൂറുമാറ്റം നടന്നെന്ന് കണ്ടെത്തിയതോടെ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 2022 ഒക്ടോബർ 20ന് പ്രതികൾക്ക് ജാമ്യം നൽകി.

Continue Reading