Crime
അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന്, തന്റെ ‘ കുബുദ്ധി’ എന്ന് പ്രതിയുടെ മറുപടി.കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്നും പ്രതി

കോഴിക്കോട്: തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്ന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. റയില്‍വെ സ്റ്റേഷനില്‍ പോലീസിന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്‌ലാറ്റ് ഫോമില്‍ ഒളിച്ചിരിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. പുലര്‍ച്ചയോടെയാണ് രത്‌നഗിരിയിലേക്ക് പോയത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പര്‍ട്ട്‌മെന്റിലായിരുന്ന യാത്ര ചെയ്തതെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന്, പിന്നില്‍ തന്റെ ‘ കുബുദ്ധി’ ആണെന്നായിരുന്നു പ്രതിയുടെ മറുപടി.
എന്നാല്‍, ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം അക്രമം നടത്തിയ ട്രെയിനില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാള്‍ക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയില്‍വേസ്റ്റേഷനിലുമായി ഇയാള്‍ ഉണ്ടായിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. നേരത്തെ കുറ്റം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായുള്ള വിവരവും പുറത്തുവന്നിരുന്നു.
ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറല്‍ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഏത് സ്റ്റേഷനില്‍ ഇറങ്ങി എന്നറിയില്ല. ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങി. തൊട്ടടുത്ത ട്രെയിനില്‍ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കയ്യില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് വിവരം.
കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം