Connect with us

Crime

ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു പ്രതി.കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണു ഷാറുഖിന്റെ മൊഴി

Published

on

കോഴിക്കോട് ∙ എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു പ്രതി ഷാറുഖ് സെയ്ഫി മൊഴി നൽകി. ഈ ബാഗിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇത്രയും നിർണായകമായ തെളിവ് പ്രതി ഉപേക്ഷിക്കുമോ എന്ന സംശയം തുടക്കം മുതൽ അന്വേഷണ സംഘത്തിനുണ്ടായിരുന്നു.

കോച്ചിന്റെ വാതിലിനരികിൽ വച്ച ബാഗ് കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണു ഷാറുഖിന്റെ മൊഴി. പുറത്തു തൂക്കിയിരുന്ന ബാഗ് അഴിച്ചു നിലത്തുവച്ചാണു ബാഗിൽനിന്നു 2 കുപ്പി പെട്രോൾ പുറത്തെടുത്തത്. തുടർന്ന് ബാഗ് അവിടെ വച്ച ശേഷം മുന്നോട്ടുനീങ്ങി യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ചു. തീ പടർന്നതോടെ യാത്രക്കാർ കോച്ചിനുള്ളിൽ പരക്കം പാഞ്ഞു. ഈ സമയത്ത് ആരുടെയെങ്കിലും കാലുതട്ടി ബാഗ് പുറത്തേക്കു വീണതാകാമെന്നാണു ഷാറുഖ് ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരോടു പറഞ്ഞത്. 

ബാഗിനുള്ളിൽനിന്നു കണ്ടെത്തിയ ഡയറിക്കുറിപ്പിൽനിന്നാണു പ്രതിയുടെ പേരു തിരിച്ചറിഞ്ഞത്. സിം ഊരിമാറ്റിയ ഒരു മൊബൈൽ ഫോണും ബാഗിലുണ്ടായിരുന്നു. ഇതിന്റെ ഐഎംഇഐ പരിശോധിച്ചപ്പോഴാണു സിം എടുക്കാനായി നൽകിയ വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നൽകിയ മറ്റൊരു നമ്പറും കണ്ടെത്തിയത്. 

ഇതേ ഫോണിൽ മുൻപ് ഉപയോഗിച്ച സിം കാർഡുകളുടെ വിവരവും കിട്ടി. ഇതിൽ ഒരു സിം മറ്റൊരു ഫോണിൽ ഇട്ട് ഉപയോഗിച്ചപ്പോഴാണു ടവർ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണ സംഘം ഷാറുഖിന് അരികിലെത്തിയത്. 

Continue Reading