Connect with us

Crime

ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചു

Published

on


തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

പ്രതി ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ്  അന്വേഷണം നടത്തി കൂടുതല്‍വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ.യും പ്രാഥമിക അന്വേഷണംനടത്തിയിരുന്നു. രണ്ട് ഏജന്‍സികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായപ്രവര്‍ത്തനങ്ങളുണ്ട്. വന്‍സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചു. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനങ്ങള്‍ നല്‍കിയതിന് പിന്നിലും വന്‍സംഘമുണ്ട്. ഇത്തരത്തില്‍ പ്രചോദനം നല്‍കിയാണ് ഇയാളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇത്തരം കൃത്യം നടത്താനുള്ള പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാന്‍ കാരണമായതെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്.
കൃത്യം നടത്താനായി വലിയസംഘം ഷാരൂഖിനെ മാസങ്ങളോളം പ്രചോദിപ്പിച്ചെന്നാണ് വിവരം. എന്നാല്‍ ആക്രമണം നടത്താനുള്ള പരിശീലനമൊന്നും ഇയാള്‍ക്ക് നല്‍കിയിരുന്നില്ല. പദ്ധതി പുറത്തറിയുമെന്ന് കരുതിയതിനാലാണ് ഇയാള്‍ക്ക് പരിശീലനം നല്‍കാതിരിക്കാന്‍ കാരണമായത്.ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

അതിനിടെ ഈ കേസില്‍ കേരള പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. കേസ് എന്‍.ഐ.എയ്ക്ക് വിടാന്‍ ഇതുവരെ കേരള പോലീസോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. പ്രതിയെ കൂടുതല്‍ചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കേസ് വിടാമെന്നാണ് കേരള പോലീസിന്റെ തീരുമാനമെന്നാണ് സൂചന. എന്നാല്‍ കേസ് വിടാന്‍ വൈകുകയാണെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. 

Continue Reading