KERALA
മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാനുള്ളവർ സർവീസ് ചാർജ് അടയ്ക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാനുള്ളവർ സർവീസ് ചാർജ് അടയ്ക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അദാലത്തിലേയ്ക്ക് അപേക്ഷിക്കാൻ 20 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കിയത്.
അപേക്ഷ സ്‌കാൻ ചെയ്യുന്നതിനും പ്രിന്റ് എടുക്കുന്നതിനും പേപ്പറൊന്നിന് മൂന്നുരൂപ വച്ച് വേറെ നൽകുകയും വേണമെന്നും ഐ ടി വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതിപരിഹാര അദാലത്ത് നടത്തിവരുന്നത്.താലൂക്ക് കേന്ദ്രത്തിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് മുൻപായി അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ അക്ഷയ കേന്ദ്രങ്ങൾക്കുണ്ടാവുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് പരാതിക്കാരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ നിശ്ചയിച്ചത്.ഈ മാസവും അടുത്ത മാസവുമായാണ് സംസ്ഥാന വ്യാപകമായി പരാതിപരിഹാര അദാലത്തുകൾ നടത്തുന്നത്. ഏപ്രിലിൽ പരാതി സ്വീകരിച്ചതിനുശേഷം മേയിൽ മന്ത്രിമാർ അദാലത്തിനെത്തും. താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനുള്ള അദാലത്ത് കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാവും നടക്കുന്നത്.ജില്ലാതലത്തിൽ അദാലത്തിന്റെ ചുമതല അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്. ഒരു ജില്ലയിൽ മൂന്ന് മന്ത്രിമാർ വീതമുണ്ടാകും. മന്ത്രിമാർ കൂടുതലില്ലാത്ത ജില്ലകളിൽ ഒഴിവുള്ള മന്ത്രിമാരെ നിയോഗിക്കും. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കളക്ടർമാരുടെ ചുമതലയാണ്. പരാതികൾ ഏപ്രിൽ ഒന്ന് മുതൽ 10 വരെയുളള പ്രവൃത്തി ദിവസങ്ങളിലാണ് സ്വീകരിച്ചത്. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും, അക്ഷയ കേന്ദ്രങ്ങൾ വഴിയും, താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു.