Connect with us

Crime

വെള്ളാപ്പള്ളിക്ക് തിരിച്ചടി എസ്.എൻകോളേജ് ഫണ്ട് തട്ടിപ്പ് കേസ്:  വിചാരണ തുടരാം

Published

on



കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. കേസിൽ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും കൊല്ലം സിജെഎം കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കൊല്ലം എസ്എന്‍ കോളേജിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ഒന്നര കോടിയോളം രൂപയില്‍നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു കേസ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ല എന്നായിരുന്നു പോലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അന്വേഷണം നടത്തുകയും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പിന്നീട് തുടരന്വേഷണത്തിന് സിജെഎം കോടതി ഉത്തരവിട്ടു. ഈ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളാപ്പള്ളിക്ക് അനുകൂലമായിരുന്നു.

എന്നാല്‍ വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ തുടങ്ങാം എന്നാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്. ഹൈക്കോടതി ഉത്തരവ് വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റിന്റെ ചുമതലകള്‍ വഹിക്കുന്നതിന് തടസമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എസ്എന്‍ ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുത് എന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉത്തരവിട്ടിരുന്നു.

Continue Reading