Connect with us

KERALA

ആഡംബരവീടുകളുടെ നികുതി കുത്തനെ ഉയരും.റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നികുതി

Published

on

തിരുവനന്തപുരം: പുതിയ കെട്ടിടങ്ങള്‍ക്കുള്ള അടിസ്ഥാനനികുതി കൂട്ടിയത് ആഡംബരവീടുകളുടെ നികുതി കുത്തനെ ഉയര്‍ത്തും. വീടുകളെ 300 ചതുരശ്രമീറ്റര്‍വരെയും അതിനുമുകളിലുള്ളവയുമാക്കി തിരിച്ചാണ് നികുതി പുതുക്കിയത്. ഇതില്‍ 300 ചതുരശ്രമീറ്ററിന് (ഏകദേശം 3200 ചതുരശ്രയടി) മുകളിലുള്ളവയ്ക്കാകും നികുതിയില്‍ വലിയ വര്‍ധനയുണ്ടാവുക. ഇത്തരം വീടുകള്‍ ആഡംബര പട്ടികയില്‍പ്പെടും.

300നു മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ എട്ടുമുതല്‍ 12 രൂപവരെയും നഗരസഭകളില്‍ 10 മുതല്‍ 19 വരെയും കോര്‍പ്പറേഷനുകളില്‍ 12 മുതല്‍ 25 വരെയുമാണ് ചതുരശ്രമീറ്ററിന്റെ നികുതിനിരക്ക്. തദ്ദേശസ്ഥാപനങ്ങളുടെ പൊതുസ്വഭാവം, റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നികുതി നിശ്ചയിക്കുക. ഇത് ഓരോ തദ്ദേശസ്ഥാപനത്തിലും വ്യത്യാസപ്പെടും.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നേരത്തേ അഞ്ചുസ്ലാബുണ്ടായിരുന്നു. ഒന്നാം സ്ലാബില്‍ 100 ചതുരശ്രമീറ്റര്‍വരെ തറവിസ്തീര്‍ണമുള്ള ഹോട്ടല്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണുകള്‍, രണ്ടില്‍ നൂറിനുമുകളിലുള്ളവ, മൂന്നില്‍ 200 വരെ തറവിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, നാലില്‍ 200നു മുകളിലുള്ളവ, അഞ്ചില്‍ ബങ്കുകള്‍, പെട്ടിക്കടകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന്‍ എന്നിങ്ങനെയായിരുന്നു തരംതിരിച്ചിരുന്നത്. പുതുക്കിയപ്പോഴും അഞ്ചുവിഭാഗം ഉണ്ടെങ്കിലും നൂറുചതുരശ്രമീറ്റര്‍വരെ, നൂറുമുതല്‍ 500 വരെ, 500നു മുകളിലുള്ളവ, മാളുകള്‍ എന്നിങ്ങനെയാണ് തിരിച്ചത്. ബങ്കുകള്‍ പെട്ടിക്കടകള്‍ എന്നിവയെ അഞ്ചാംവിഭാഗവുമാക്കി. ഹോട്ടല്‍, ലോഡ്ജ് എന്നിവയെ വാണിജ്യത്തില്‍പ്പെടാത്ത പ്രത്യേക വിഭാഗമാക്കിയിട്ടുമുണ്ട്.

നിരക്ക് പുതുക്കിയപ്പോള്‍ ഓഫീസ് വിഭാഗത്തിനുള്ള കെട്ടിടങ്ങളെ സര്‍ക്കാര്‍ ഓഫീസ് എന്നും മറ്റു ഓഫീസുകള്‍ എന്നും രണ്ടുവിഭാഗമാക്കിയെങ്കിലും രണ്ടാമത്തേതില്‍ ഏതൊക്കെ ഉള്‍പ്പെടുമെന്നു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല.

കൂട്ടിയ നികുതി (കുറഞ്ഞ നിരക്ക്- കൂടിയ നിരക്ക്). പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്ന ക്രമത്തില്‍

സ്വിമ്മിങ്പൂള്‍, ജിംനേഷ്യം, ടര്‍ഫ്: 25-45 30-50 50-60
ആയുര്‍വേദ സുഖചികിത്സാ കേന്ദ്രങ്ങള്‍: 160-170 175-200 175-200
വ്യവസായ ആവശ്യം പരമ്പരാഗത യൂണിറ്റുകള്‍ (കോഴിവളര്‍ത്തല്‍, ലൈവ് സ്റ്റോക്, പട്ടുനൂല്‍, സ്റ്റോറേജ് ഷെഡുകള്‍) 8-12 10-19 12-25
ഇഷ്ടികച്ചൂള, തടിമില്‍ 20-30 25-35 30-40
ഇതര വ്യവസായം 45-65 55-75 75-95
അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ 25-45 30-50 40-60
മൊബൈല്‍ഫോണ്‍ ടവര്‍ 500-600 600-700 700-800
ടെലികമ്യൂണിക്കേഷന്‍ പോസ്റ്റുകള്‍ ഓരോന്നിന് 450-600 500-600 600-700
മാളുകള്‍ 80-100 100-150 120-170
ബങ്കുകള്‍, പെട്ടിക്കടകള്‍ 6-10 8-17 10-22
സര്‍ക്കാര്‍ ഓഫീസുകള്‍ അല്ലാത്തവ 40-60 50-80 70-100
ഗോഡൗണ്‍/സമാനകെട്ടിടം (500 ച.മീറ്റര്‍ വരെ) 40-70 50-80 60-90
ഗോഡൗണ്‍ (500 500 ച.മീറ്ററിനുമുകളില്‍) 75-95 80-100 90-100

Continue Reading