Connect with us

KERALA

തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന്‍ ജനാര്‍ദനന്‍ അന്തരിച്ചു

Published

on

തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന്‍ ജനാര്‍ദനന്‍ അന്തരിച്ചു

കണ്ണൂര്‍: തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന്‍ ജനാര്‍ദനന്‍ (65) അന്തരിച്ചു. കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബീഡിത്തൊഴിലാളിയായിരുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയതിനേത്തുടർന്ന് അദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു.കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്‌സീന്‍ ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ബാങ്ക് ജീവനക്കാരന്‍ ഫെയ്‌സ്ബുക്ക് വഴി ലോകത്തെ അറിയിക്കുകയായിരുന്നു.

ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്ത ജനാർദ്ദനന്റെ ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേര്‍ക്കുംകൂടി കമ്പനിയില്‍നിന്ന് കിട്ടിയ ആനുകൂല്യത്തില്‍നിന്നാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് പണം നല്‍കിയത്.

Continue Reading