KERALA
യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് ചിന്ത ജെറോം പടിയിറങ്ങുന്നു

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് ചിന്ത ജെറോം പടിയിറങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
2016ൽ ആണ് യുവജന കമ്മിഷൻ അദ്ധ്യക്ഷയായി ചിന്ത ചുമതലയേറ്റത്. പിന്നാലെ പലവിധ വിവാദങ്ങളും തേടി എത്തി.റിസോർട്ട് വാസവും, പിഎച്ച്ഡി വിവാദവും, 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമെല്ലാം ചിന്തയെ കുഴപ്പത്തിലാക്കി. എന്നാൽ ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ എന്നിവയിലൂടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്നാണ് ചിന്ത പറയുന്നത്.മൂന്നു വർഷമാണ് യുവജനകമ്മിഷൻ അദ്ധ്യക്ഷന്റെ കാലാവധി. എന്നാൽ ചിന്തയ‌്ക്ക് ഒന്നാം പിണറായി സർക്കാർ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6ന് രണ്ടാം ടേം പൂർത്തിയായി. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് ചിന്ത മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്.നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ചിന്ത ജെറോം.