Life
സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം.

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേസിൽ സംസ്ഥാനങ്ങളെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
വിവാഹം കൺകറന്റ് ലിസ്റ്റ് ആയതിനാൽ സംസ്ഥാനസർക്കാരുകളുടെ നിലപാടും കണക്കിലെടുക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഭരണഘടനാബെഞ്ച് വാദം രണ്ടാം ദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.
ഡിപ്പാർട്ടുമെന്റ് ഓഫ് ലീഗൽ അഫയേഴ്സാണ് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ കോടതിക്കാവുമോയെന്ന കാര്യത്തില്‍ ആദ്യം തീര്‍പ്പുണ്ടാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. അതിനു ശേഷമേ ഹര്‍ജികളില്‍ വിശദ വാദം കേള്‍ക്കലിലേക്കു പോകാവൂവെന്ന് സ്വവര്‍ഗ വിവാഹ കേസില്‍ കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.