Crime
ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോഴികോട് നിന്നുള്ള ഡോക്ടര്‍മാരും ആരുഹ്യ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി. പത്ത് മണിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫ്ലഹ് ( 7), അന്‍ഷിദ് (10) പോസ്റ്റ് മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടത്തും. അതിനിടെ
കേരളത്തെ നടുക്കിയ താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം കേരളത്തെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22 ആയി. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തില്‍ ജീവന്‍ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിത്താഴ്ന്നു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായിമാറി