Crime
ഡോ. വന്ദനാ ദാസിന് നാടിന്റെ യാത്രാമൊഴി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ആയിരങ്ങളാണ് വീട്ടിലെ പൊതുദര്‍ശനത്തില്‍ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മുന്നറിയിപ്പില്ലാതെയാണ് മന്ത്രി വീണാ ജോര്‍ജ് വന്ദനയ്ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അവര്‍ മടങ്ങി. കുടുംബത്തിന്റെ ഏകമകളുടെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
ഡോ. വന്ദനയുടെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയില്‍ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വന്ദനയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ക്കുനേരേ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു. മുട്ടുചിറമുതല്‍ ജങ്ഷനില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രത്യേകമായി പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. വീട്ടിലും ബാരിക്കേഡ് സംവിധാനമൊരുക്കി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.