Crime
രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ച ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉൾപ്പടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു

.
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ച സൂറത്തിലെ ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വർമ്മ ഉൾപ്പടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്ഥാനക്കയറ്റ പട്ടിക ചോദ്യംചെയ്ത് ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥാനക്കയറ്റം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ പട്ടിക ഇറക്കിയതിനാലാണ് സ്റ്റേ ഉത്തരവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചട്ടങ്ങൾ പ്രകാരം ജില്ലാ ജഡ്ജി തസ്തികയിൽ 65 ശതമാനം സീറ്റുകളിൽ ജുഡീഷ്യൽ ഓഫീസർമാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. സ്ഥാനക്കയറ്റം ലഭിച്ച തസ്തികയിൽ ചുമതലയേൽക്കരുതെന്ന് ബഞ്ച് നിർദേശിച്ചു.