Crime
ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ എമർജൻസി സർവീസിൽ ഡോക്ടർമാർ തിരിച്ച് കയറും.

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് പി ജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ എമർജൻസി സർവീസിൽ ഡോക്ടർമാർ തിരിച്ച് കയറും. അതേസമയം, ഒ പി ബഹിഷ്കരണം തുടരും. തുടർസമരത്തിന്റെ കാര്യത്തിൽ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഡോക്ടർമാർ അറിയിച്ചു
മന്ത്രിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നുവെന്നും ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായും ഡോക്ടർമാർ പറഞ്ഞു. അതേസമയം, ഹൗസ് സർജന്മാരുടെ സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.പിജി ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചിട്ടുണ്ട്.