NATIONAL
കോൺഗ്രസ് അധികാരത്തിലേക്ക്. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസ് തന്നെ മുന്നിൽ

ബെംഗളൂരു . നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില ഇപ്പോഴും മാറി മറിയുന്നു. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ് സി.പി.എമ്മിന്റെ നില നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഏഴ് മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.
ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കർണാടകയിലെ മുന്നേറ്റത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശത്തിലാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.