HEALTH
കൊവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കൊവിഡിനേക്കാൾ അപകടകരമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
വരാൻ പോകുന്ന പകർച്ചവ്യാധിയെ ചെറുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ഡബ്ല്യുഎച്ച്ഒ തലവൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാൽ ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.’ജനങ്ങളെ മാരകമായ രോഗത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടാൻ കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അടുത്ത മഹാമാരിയെ നേരിടാൻ എല്ലാവരും ഒന്നായി, കൂട്ടായ്മയോടെ പ്രവർത്തിക്കാൻ തയ്യാറാവണം. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയെയും നേരിടാൻ തയ്യാറാകണം’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.