Connect with us

Crime

മഹാരാജാസില്‍ പഠിക്കുമ്പോള്‍ റിസള്‍ട്ട് പോലും വരാത്ത ആളാണ് വിദ്യ. ആ സമയത്ത് ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി

Published

on

കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന  വിവാദത്തില്‍ വിശദീകരണവുമായി എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയി. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കാം. പുറത്തുവന്നത് മാര്‍ക്ക് ലിസ്റ്റല്ല. വിദ്യാര്‍ഥികളുടെ ശ്രദ്ധയിലേക്ക് വേണ്ടി നല്‍കിയ പ്രാഥമിക വിവരമാണ്. പബ്ലിക്കിന് വേണ്ടി നല്‍കിയതല്ല. പരിശോധിച്ച് ആധികാരികമായി റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാം. ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വി.എസ്. ജോയി കൂട്ടിച്ചേർത്തു.

വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് എന്‍.ഐ.സിയുടെ പ്രശ്‌നം നിരന്തരം ഉണ്ടാവുന്നതാണ്. കഴിഞ്ഞ വര്‍ഷം തന്നെ 30- 35 തവണ എന്‍.ഐ.സിയുമായി കോളേജിന് ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. സാങ്കേതിക പിഴവ് സ്ഥിരമായി ഉണ്ടാവുന്നുണ്ട്. സൈറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. അതില്‍ നിന്ന് മാറുന്നതിന് കത്ത് നല്‍കിയിട്ടുള്ളതാണ്. ഒരുപാട് കുട്ടികളുടെ പ്രശ്‌നം നേരത്തേ തന്നെ വന്നിട്ടുണ്ട്. സ്ഥിരമായി തെറ്റ് ഉണ്ടാവാറുണ്ട്. വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോളേജ് ഗസ്റ്റ് ലക്ചററാവാന്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് വ്യാജരേഖ നല്‍കിയ കേസില്‍ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയില്‍ ഉപയോഗിച്ചിരിക്കുന്നത്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ റിസള്‍ട്ട് പോലും വരാത്ത ആളാണ്, ആ സമയത്ത് ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയത്. ഇവിടെനിന്ന് ആരുടേയും സഹായം ലഭിച്ചതായി പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടില്ല. പോലീസിന് കൃത്യമായി മൊഴിനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുപോലെ വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയാന്‍ കൂടെയാണ് കേസ് കൊടുത്തത്. മഹാരാജാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടെ അന്വേഷണം നടത്താന്‍ ശുപാര്‍ശ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വഴി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും മഹാരാജാസ് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേർത്തു.

Continue Reading