Crime
വീണാ വിജയനെ ഇ.ഡി ഉടൻ ചോദ്യംചെയ്യും
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹ പണമിടപാടിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യും. റെയ്ഡിനിടെ ലഭിക്കാതിരുന്ന വിവരങ്ങൾക്കായും പിടിച്ചെടുത്ത ബാങ്ക് രേഖകൾ ഉൾപ്പെടെ വിശകലനംചെയ്ത ശേഷവുമായിരിക്കും സമൻസ് നൽകുക. സി.എം.ആർ.എൽ. കമ്പനി എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, സി.എം.ആർ.എലിന്റെ സാമ്പത്തിക, ഐ.ടി. ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ചോദ്യംചെയ്യും.
റെയ്ഡിനെത്തുടർന്ന് മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങളിൽ ഏറെയും സി.എം.ആർ.എൽ. കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ശശിധരൻ കർത്തയുടേതും കുടുംബത്തിന്റേതും കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളാണ് ഇതിലേറെയും. വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.
ഇതിനുപുറമേ വീണയുടെ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് ഇ.ഡി. നൽകുന്ന സൂചന. സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു.
എക്സാലോജിക്കിന് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ സി.എം.ആർ.എൽ. 2.78 കോടി രൂപയുടെ വ്യാജ പെയ്‌മന്റുകൾ നൽകി. ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി, കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക് കമ്പനിക്ക് 50 ലക്ഷം രൂപ വായ്പയായി നൽകിയതായും കണ്ടെത്തി. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.
അതിനിടെ തിരുവനന്തപുരത്ത് പിണറായി വിജയന്റെയും വീണാ വിജയന്റെയും വീട്ടിൽ നടന്ന റെയ്ഡിന് ശേഷമുണ്ടായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഇ.ഡി.. കാറുകൾ തകർത്തിട്ടും ഡ്രൈവർക്ക് പരിക്കേറ്റിട്ടും സി.ആർ.പി.എഫ്. ജവാന്മാരും ഇ.ഡി. ഉദ്യോഗസ്ഥരും സംയമനം പാലിക്കുകയായിരുന്നുവെന്നും ഇ.ഡി. വ്യക്തമാക്കി.
സി.എം.ആർ.എൽ. കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലെ രാഷ്ട്രീയനേതാക്കളിലേക്ക് ഉടൻ അന്വേഷണമുണ്ടാകില്ലെന്നും ഇ.ഡി. സൂചന നൽകി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. തട്ടിയെടുത്ത പണം ഏതൊക്കെ വഴികളിലേക്ക് പോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ഈ കേസ് അവസാനിപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ.
