KERALA
അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും : കേരളത്തിനെ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്‌നമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തിനെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സ്വപ്‌നമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ രൂപം കൊടുക്കും. കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു.
10000 ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് സർക്കാർ സഹായം നൽകും. ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കും. കേരളത്തിലെ സഹകരണ മേഖല തകർച്ചയിലാണ്. സഹകരണ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ലഹരിശൃംഖലയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നയരാഹിത്യത്തെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ അവരുടെ നയമല്ല ഞങ്ങൾ നടപ്പിലാക്കുന്നതെന്നും പുതിയ സർക്കാരിന്റെ നയമാണെന്നുമായിരുന്നു മറുപടി.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയ പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും.നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് നമുക്കുള്ളത്. അതിന് ആവശ്യമായ ഏവിയേഷൻ പ്രോജക്ടുകൾ ഞങ്ങളുടെ കയ്യിലുണ്ട്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയാണിത്’- വിഡി സതീശൻ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയിലും വിഡി സതീശൻ പ്രതികരിച്ചു. പിണറായിയുടെ കാലത്തെ നയമല്ല ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ എന്തുകൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ലെന്നതിലും അദ്ദേഹം വിശദീകരണം നൽകി. എപ്പോഴാണ് പ്രതികരിക്കേണ്ടതെന്ന അവകാശമെങ്കിലും എനിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരണം ആരായുന്നതിനിടെ ഒരു ചാനലിന്റെ മൈക്ക് എന്റെ മുഖത്ത് കൊണ്ടു. ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഞാൻ ഒളിച്ചോടുന്ന ആളല്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശങ്ങൾ പോലെ മറുപടി പറയാനുള്ള അവകാശം എനിക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അവർ നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതിനകത്ത് എന്തു റോളാണുള്ളത്. റെയ്ഡിന്റെ കാര്യം ഞങ്ങളെ അറിയിച്ചിട്ട് പോലുമില്ല. പൊലീസിനെയും അറിയിച്ചില്ല. എന്നിട്ടും ആൾക്കൂട്ടം കൂടുന്നത് കണ്ട്, ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസിനെ വിട്ടത് ആഭ്യന്തരമന്ത്രിയാണ്. അതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞു.നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസാണിത്. എൽഡിഎഫ് അധികാരത്തിൽ നിന്ന് താഴെയിറങ്ങുന്നത് വരെ അവർ ഒന്നും ചെയ്തില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്. അദ്ദേഹം പ്രധാനമന്ത്രിയെയോ ബിജെപി നേതാക്കളെയോ ബിജെപി സർക്കാരിനെയോ ആരെയും കുറ്റപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.രാഹുൽ ഗാന്ധിക്കെതിരെ ഇഡി കേസ് വന്നപ്പോൾ അദ്ദേഹം കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിത്തകർത്തോ? രാഷ്ട്രീയമായാണ് അദ്ദേഹം കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വധേയനായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
