Crime
പോക്സോ കേസ് നൽകിയ ഗുസ്തി താരം മൊഴി തിരുത്തി; ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്സോ ഒഴിവാകും
ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പോക്സോ കേസ് നൽകിയ ഗുസ്തി താരം മൊഴി തിരുത്തി. ബ്രിജ് ഭൂഷണിൽ നിന്നും പീഡനമുണ്ടായ സമയത്ത് പ്രായപൂർത്തി ആയിരുന്നില്ല എന്ന മൊഴിയാണ് താരം മാറ്റിപ്പറഞ്ഞത്. ഇതോടെ ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കുറ്റം ഒഴിവാകും. എന്നാൽ ഇയാൾക്കെതിരെയുള്ള പീഡനപരാതി തുടരുമെന്ന് മൊഴി മാറ്റിപറഞ്ഞ താരത്തിന്റെ പിതാവ് പറഞ്ഞു.
ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ജൂൺ 15 വരെ കൂടി സമയം തേടിയതായി ഗുസ്തി താരങ്ങൾ ഇന്നലെ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കിയത്. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
