Crime
തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മർദിച്ചതായി പരാതി

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മർദിച്ചതായി പരാതി. പാറപ്രം സ്വദേശി മഹേഷിനെതിരേയാണ് തലശ്ശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം.
മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് മഹേഷിനെ തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ഇയാൾ ഡോക്ടറെ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മഹേഷിനെ കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
‘ ഇന്ന് പുലർച്ചെ 2.30-ഓടെയാണ് വാഹനാപകടത്തിൽ പരിക്കേറ്റതായി വ്യക്തമാക്കി മഹേഷുമായി ഭാര്യയും സുഹൃത്തും ആശുപത്രിയിൽ എത്തുന്നത്. മുറിവ് പരിശോധിക്കാനായി രോഗിയെ ഡ്രസിങ് റൂമിലേക്ക് മാറ്റി. തലയ്ക്കേറ്റ മുറിവ് പരിശോധിക്കുമ്പോൾ, നെഞ്ചിലാണ് വേദന എന്ന് ഇയാൾ പറഞ്ഞു. തുടർന്ന് നെഞ്ച് പരിശോധിക്കുമ്പോൾ മഹേഷ് വലതുകൈ വീശി ഡോക്ടറുടെ നെഞ്ചിൽ അടിച്ചു. പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ചിൽ അമർത്തിയത് എന്ന് പറഞ്ഞപ്പോൾ, വേദനയുള്ള ഭാഗത്ത് അമർത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് മഹേഷ് ആക്രോശിക്കുകയായിരുന്നുവെന്ന് ഡോക്ടർ പരാതിപ്പെട്ടു. വാക്കുകൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന് അയാളോട് തിരിച്ചു പറഞ്ഞപ്പോൾ വിളിക്കേണ്ടവരൊക്കെ വിളിക്ക് പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തിയ ശേഷമായിരുന്നു തുടർ പരിശോധന നടത്തിയതെന്നും ഡോ. അമൃത രാഖി പരാതിപ്പെട്ടു.