KERALA
നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു.ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിരുന്നു

കണ്ണൂർ: തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു.
ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്
ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നു.
പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനിൽ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരൂ. നിഹാൽ പഠിച്ചിരുന്ന ധർമ്മടത്തെ ജേസി സ്പെഷൽ സ്കൂളിൽ മയ്യിത്ത് പൊതു ദർശനത്തിന് വെക്കും.
ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദിനെ (11) ആൾതാമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരുവുനായകളുടെ ശല്യം പ്രദേശത്ത് വ്യാപകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് , യൂത്ത് കോൺഗ്രസ് , എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകൾ മാർച്ച് സംഘടിപ്പിച്ചു