Crime
ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍
“കൊച്ചി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവര്‍ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കാമെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ചെറുതാണെന്നും കൊച്ചിയില്‍ അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സര്‍വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍വകലാശാലകള്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞാല്‍, നിങ്ങള്‍ യുവതലമുറയുടെ ഭാവി വെച്ചാണ് കളിക്കുന്നത്. ഇവിടെ ആളുകളെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളേയും പേടിപ്പിച്ചുനിര്‍ത്തിയിരിക്കുയാണ്. ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കില്‍ അത് കേരളത്തിലാണ്. ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.ഇത്തരം സംഭവങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഞാന്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞത്. ചുമതല ഏറ്റെടുത്തപ്പോള്‍ അവരുമായി സഹകരിക്കാന്‍ തയാറായില്ല. അവര്‍ക്ക് താക്കോലുകള്‍ പോലും കൊടുത്തില്ലെന്നും എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു.
