Crime
ഡിഗ്രി സർട്ടിഫിക്കറ്റ് ഒറിജിനൽ; നിഖിൽ പരീക്ഷയെഴുതി പാസായതാണെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: കായംകുളം എംഎസ്എം കോളെജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. നിഖിലിന്‍റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നും ആര്‍ഷോ പറഞ്ഞു. നിഖിൽ പരീക്ഷയെഴുതി പാസായതാണ്, എംകോം പ്രവേശനത്തിലും ക്രമക്കേടില്ലെന്നും ആർഷോ പ്രതികരിച്ചു.
ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തിങ്കളാഴ്ച രാവിലെയാണ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറിയത്. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും പരിശോധിച്ചതായി ആര്‍ഷോ പറഞ്ഞു.
”ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഓരോ സെമസ്റ്ററിലെ മാര്‍ക്ക് ലിസ്റ്റും പരിശോധിച്ചു. ഒരു മാര്‍ക്ക് ലിസ്റ്റ് പോലും വ്യാജമല്ല. കേരള സര്‍വകലാശാലയില്‍ പിജി പ്രവേശനം നേടുന്നതിന് കലിംഗ സര്‍വകലാശാലയുടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ രേഖയും പരിശോധിച്ചു, സംഘടനയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ല”, ആർഷോ വ്യക്തമാക്കി.
നിഖിൽ റഗുലർ വിദ്യാർഥിയായാണ് പഠിച്ചത്. ഇവിടെ പരീക്ഷയെഴുതാനും ജയിക്കാനും ആവശ്യമായ ഹാജരുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതുകൂടി എസ്എഫ്ഐ പരിശോധിക്കും. മറ്റെല്ലാ രേഖകളും യഥാർഥമാണ്. വ്യാജസർട്ടിഫിക്കറ്റ് ആരോപണമുന്നയിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്നും ആർഷോ പ്രതികരിച്ചു.
2017-20 കാലഘട്ടത്തിലെ ബികോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍ 2021ല്‍ ഇതേ കോളെജില്‍ ഇയാള്‍ എംകോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. കേരള യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് റദ്ദാക്കിയാണ് നിഖില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു.
