Crime
കെ.സുധാകരന്റെ”ഭാര്യയുടെ സാമ്പത്തിക വിവരങ്ങൾ തേടി വിജിലൻസ് .കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്

ന്യൂഡൽഹി: തന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. മാദ്ധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നീട്ടാൻ താത്‌പര്യമില്ലെന്നും കെ പി സി സി പ്രസിഡന്റ് അറിയിച്ചു.
കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ് വിജിലൻസ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിന് നോട്ടീസ് നൽകി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്.കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള തന്റെ രാജി അടഞ്ഞ അദ്ധ്യായമാണെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോൻസൺ കേസിൽ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രതിയെന്ന നിലയ്ക്കാണ് താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ പ്രസിഡന്റ് പദവിയിൽ തുടരണമെന്ന ഹൈക്കമാന്റിന്റെയും, മുതിർന്ന നേതാക്കളുടെയും ആവശ്യം അംഗീകരിക്കുകയാണെന്നുമാണ് സുധാകരൻ പറഞ്ഞത്.