Crime
പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തിൽ തടസ ഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ. ഹെെക്കോടതി വിധിക്കെതിരെ എതിർ കക്ഷികൾ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയയുടെ ആവശ്യം.
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന്റെ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപന പരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു സിംഗിൽ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പ്രിയ വർഗീസ് നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നു. അദ്ധ്യാപന യോഗ്യതയില്ലെന്ന സിംഗിൽ ബെഞ്ചിന്റെ നിരീക്ഷണം തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.എന്നാൽ ഈ ഉത്തരവിനെതിരെ ഈ കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തടസ ഹർജി പ്രിയ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അഭിഭാഷകരായ കെ ആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ മുഖേനെയാണ് ഹർജി ഫയൽ ചെയ്തത്. ഹെെക്കോടതി വിധിക്കെതിരെ വരുന്ന അപ്പീലിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ തടസ ഹർജിയിൽ ആവശ്യപ്പെടുന്നത്.