KERALA
സിപിഎം ബിജെപിയുടെ ബി-ടീം സുരേന്ദ്രനെ നെഞ്ചോട് ചേർക്കുകയും സുധാകരനെ കൊല്ലാൻ ആളെ വിടുകയുമാണ് സിപിഎം

“
കണ്ണൂർ: സർക്കാരിനെതിരേ വിമർശന ശരങ്ങളുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സിപിഎം ബിജെപിയുടെ ബി-ടീമാണെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേന്ദ്ര ഏജൻസികളുടെ കേസുകൾ ഉള്ളതു കൊണ്ടു തന്നെ ബിജെപിയുമായി ധാരണയിലാണ് സിപിഎം പ്രവർത്തിക്കുന്നത്. ഡ്രൈവറുടെ മൊഴിയിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ കേസെടുത്ത സർക്കാർ കുഴൽപ്പണക്കേസിൽ പ്രതിയാകേണ്ടിയിരുന്ന കെ. സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു. സുരേന്ദ്രനെ നെഞ്ചോട് ചേർക്കുകയും സുധാകരനെ കൊല്ലാൻ ആളെ വിടുകയുമാണ് കേരളത്തിലെ സിപിഎം എന്നും സതീശൻ ആരോപിച്ചു.
ഏക സിവിൽ കോഡിന്‍റെ പേരിൽ വർഗീയത ഇളക്കി വിട്ട് നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ അതേ പാതയാണ് സിപിഎമ്മും പിന്തുടരുന്നത്. ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടതില്ലെന്ന് 2018ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ലോ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. അതേ നിലപാട് തന്നെയാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളതെന്നും സതീശൻ പറഞ്ഞു.
ഏക സിവിൽ കോഡിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം പറയുന്നതിൽ ആത്മാർഥതയില്ലെന്നും സിഐഐ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരേയുള്ള കേസുകൾ പിൻവലിച്ചതിനു ശേഷമാണ് സിപിഎം പ്രക്ഷോഭത്തിനൊരുങ്ങേണ്ടത്. അഴിമതി ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുമ്പോഴും അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു”