Crime
മറുനാടന്‍ മലയാളി ചാനലിന്‍റെ എറണാകുളത്തെ ഓഫീസിലും 3 റിപ്പോർട്ടുമാരുടെ വീടുകളിലും റെയ്ഡ് നടത്തി
“
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്കറിയക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മറുനാടന്‍ മലയാളി ഓൺലൈന്‍ ചാനലിന്‍റെ എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും 3 റിപ്പോർട്ടുമാരുടെ വീടുകളിലുമായി ഇന്നു രാവിലെ മുതൽ നടന്ന റെയ്ഡ് പൂർത്തിയായി. കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും പരിശോധനയ്ക്ക് ശേഷം മാത്രമെ തിരിച്ചു നൽകുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ജീവനക്കാരുടെ വീടുകളിൽ റെയ്സ് നടക്കുന്നതായാണ് വിവരം. കൊച്ചി സെന്‍ട്രൽ എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
വ്യാജവാർത്ത നൽകി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി. വി. ശ്രീനിജിന്‍ എംഎൽഎയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. കേസിൽ ഷാജന്‍ സ്കറിയ മുന്‍കൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. ജി. അരുൺ ഹർജി തള്ളിയത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്നും കേസിൽ വാദം കേൾക്കുമ്പോൾ കോടതി വിമർശിച്ചു. മുന്‍കൂർ ജാമ്യാപേക്ഷയിൽ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്കറിയയുടെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജന്‍ ഒളിവിൽപ്പോയത്.
