Education
ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ ജന്തർ മന്തറിൽ നടത്തുന്ന സമരം തുടരും
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്ക് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. എന്നാൽ, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ എക്‌സിൽ പങ്കുവച്ച പോസ്റ്റലിൂടെയാണ് വാങ്‌ചുകിന്റെ സമരത്തിന് ദീപ്‌കെ അഭിനന്ദനം അറിയിച്ചത്.
’26 ദിവസത്തിന് ശേഷം സോനം സാർ നിരാഹാരസമരം അവസാനിപ്പിച്ചതിൽ ഞങ്ങൾക്ക് ആശ്വാസവും നന്ദിയും ഉണ്ട്. അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻപോലും പണയപ്പെടുത്തി അദ്ദേഹം ഒരു രാജ്യത്തിന്റെ മുഴുവൻ മനസാക്ഷിയെയും ഉണർത്തി. അദ്ദേഹത്തിന്റെ ജീവൻ ഈ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണ്’- ദീപ്‌കെ കുറിച്ചു.
വാങ്‌ചുക് നിരാഹാരസമരം അവസാനിപ്പിച്ചതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് വാങ്‌ചുക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിദ്ധ്യത്തിലാണ് വാങ്‌ചുക് 26 ദിവസം നീണ്ടുനിന്ന നിരാഹാരസമരം അവസാനിപ്പിച്ചത്. സർക്കാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കുശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.’കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക് അപെക്‌സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽനിന്നുള്ള 65 എംപിമാർ എന്നെ സന്ദർശിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
