Connect with us

Crime

ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. കേസിൽ നിന്ന് വിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹ‌ർജിയിലാണ് ഉത്തരവ്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുറ്റവിമുക്തയാക്കണമെന്ന് അഭ്യർത്ഥിച്ച് എക്‌സൈസിന്റെ വിജിലൻസ് വിഭാഗം തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

എക്‌സൈസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഗുരുതര പൊരുത്തക്കേടുണ്ടെന്ന് ഷീലയുടെ അഭിഭാഷകനായ അഡ്വ.നിഫിൻ കരിം ചൂണ്ടിക്കാട്ടിയിരുന്നു. ഷീലയെ റോഡിൽ വച്ച് പിടികൂടിയതെന്നാണ് അറസ്റ്റ് ചെയ്ത വേളയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത് സ്റ്റാമ്പുകൾ പിടിച്ചത് സ്ഥാപനത്തിനകത്ത് നിന്നാണെന്നുമാണ്. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും.ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശനെ എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു. വ്യാജമായി കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം.

ഷീലയുടെ ബാഗിൽ നിന്ന് കണ്ടെടുത്തവ പേപ്പർ സ്റ്റാമ്പുകളാണെന്ന് ഫോറൻസിക് റിപ്പോർട്ട് ഒന്നര മാസം മുമ്പ് ലഭിച്ചിട്ടും ഉദ്യോഗസ്ഥർ ഷീല നിരപരാധിയാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു. 72 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷീല പുറത്തിറങ്ങിയത്. എക്‌സൈസിന്റെ ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, ഷീലയുടെ ബാഗിൽ വ്യാജ സ്റ്റാമ്പുകൾ വച്ചെന്ന് സംശയിക്കുന്ന ബംഗളൂരുവിൽ ജോലിയുള്ള ബന്ധു ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Continue Reading