Connect with us

Crime

മണിപ്പൂരിൽ ഇതുവരെ കൊല്ലപ്പെട്ടത് 142 പേർ. തീപിടുത്തവുമായി ബന്ധപ്പെട്ട് 5053 കേസുകൾ -സംസ്ഥാന സർക്കാർ റിപ്പോർട്ട്‌ നൽകി സുപ്രീം കോടതിയിൽ

Published

on

ഇംഫാൽ :മണിപ്പൂരിൽ ഇതുവരെ 142 പേർ കൊല്ലപ്പെട്ടെന്നും, ഇവരിൽ ഭൂരിഭാഗവും ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ട്‌. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് വ്യക്തമായ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ മൂന്നിന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജൂലൈ 10ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മേയ് മൂന്ന് മുതൽ ജൂലൈ നാല് വരെയുള്ള പൊലീസ് രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. 16 പേജുകളാണ് റിപ്പോട്ടിലുള്ളത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലായി 58 പേരാണ് കൊല്ലപ്പെട്ടത്. ചുരാചന്ദപൂരിൽ 26 പേരും, താഴ്‍വരയിലെ കക്ചിങിൽ 21 പേരും, ബിഷ്ണുപുർ ജില്ലയിൽ 18 പേരുമാണ് കൊല്ലപ്പെട്ടത്. മലയോര ജില്ലയായ കാങ്പോക്പിയിലും എട്ട് പേർ മരിച്ചിട്ടുണ്ട്.

മണിപ്പൂരിൽ ജൂലൈ നാല് വരെ 5995 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആറ് പ്രധാന എഫ്.ഐ.ആറുകൾ സിബിഐക്ക് കൈമാറി‍യതായും റിപ്പോർട്ടിലുണ്ട്. തീപിടുത്തവുമായി ബന്ധപ്പെട്ട് 5053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1091 എണ്ണം റിപ്പോർട്ട് ചെയ്ത കാങ്പോക്പിയിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. ചുരാചന്ദ്പൂരിൽ 1043 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

354 ദുരിതാശ്വാസ ക്യാമ്പുകളിലായി 54,488 പേരുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമ്പുകളുടെ നടത്തിപ്പിനായി 101കോടി രൂപ സംഭാവന ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സുപ്രീം കോടതിക്ക് പരിമിതിയുണ്ടെന്നും ഇത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.”

Continue Reading