Crime
ഹരിയാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി

ന്യൂഡൽഹി: ഹരിയാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി പാർട്ടി. ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നു മനഃപൂർവം വെള്ളം തുറന്നു വിട്ടതോടെയാണ് ഡൽഹി പ്രളയത്തിൽ മുങ്ങിയതെന്ന് പാർട്ടി ആരോപിച്ചു. പടിഞ്ഞാറൻ യമുനാ കനാലിലേക്കും കിഴക്കൻ യമുന കനാലിലേക്കും വെള്ളം തുറന്നുവിടാതെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നു യമുനാ നദിയിലേക്ക് വെള്ളം തുറന്നു വിടുകയാണെന്നാണ് ആരോപണം. ജൂൺ ഒൻപത് മുതൽ പതിമൂന്നു വരെ മുഴുവൻ വെള്ളവും ഡൽഹിയിലേക്ക് തുറന്നുവിടുയായിരുന്നു, ഇതിനായി ഹരിയാന സർക്കാരിനെ ബിജെപി നിർബന്ധിച്ചുവെന്നും എഎപി.
അതേസമയം എഎപിയുടെ ആരോപണത്തിനു പിന്നാലെ മറുപടിയുമായി ഹരിയാന സർക്കാർ രംഗത്തെത്തി. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യൂസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങലിലേക്ക് ഒഴുക്കിവിടാനാവില്ലെന്നും ഹരിയാന വ്യക്തമാക്കി. ഹത്നികുണ്ഡ് അണക്കെട്ടിൽ ഒരു ലക്ഷം ക്യൂസെക്സിൽ കൂടുതൽല വെള്ളം ഒഴുകിയെത്തിയാൽ പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമനുന കനാലിലേക്കും വെള്ളം ഒഴുക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്‍റെ ഉപദേഷ്ടാവ് ദേവേന്ദ്ര സിംഗ് പറഞ്ഞു.
വലിയ പാറക്കഷ്ണങ്ങൾ ഒഴുകിവരുന്നുണ്ട്. ഇത് വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്‍റെ കാര്യത്തിൽ ഡൽഹി സർക്കാർ അലംഭാവവും കാര്യക്ഷമതയില്ലായ്മയും മറച്ചുവെയ്ക്കാൻ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ദേവേന്ദ്ര സിംഗ് ട്വീറ്റിൽ ആരോപിച്ചു.”