Crime
രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. സൂറത്ത് കോടതിയുടെ ശിക്ഷ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
രാഹുൽ തുടർച്ചയായി കുറ്റങ്ങൾ ആവർത്തിക്കുകയാണ്, പത്തിലധികം കേസുകൾ രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതിൽ പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കാതെയാണ് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുലഭിച്ചതെങ്ങനെയാണെന്ന രാഹുലിന്‍റെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ 2 വർഷത്തേക്ക് ശിക്ഷിച്ചത്. പിന്നാലെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കുകയായിരുന്നു.