KERALA
ജനനായകന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. കണ്ണീരടക്കാനാവാതെ ആയിരങ്ങൾ

തിരുവനന്തപുരം : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽനിന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി ഓഫിസിലും പൊതുദർശനത്തിനുവയ്ക്കും. ബുധനാഴ്ച രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.
ഉമ്മൻചാണ്ടിയുടെ കുടുംബത്തെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉമ്മൻചാണ്ടിയെ കാണാൻ പാതയ്ക്കു ചുറ്റും ജനങ്ങൾ തിക്കി തിരക്കി. പലർക്കും കണ്ണീരടക്കാനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓർമകൾ പങ്കുവച്ച് പലരും വിതുമ്പി.
മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവർത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും എകെ.ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുൻപ് വസതിയിലെത്തി.