KERALA
വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെട്ടു. ജനനായകനെ യാത്രയാക്കാൻ ആയിരങ്ങൾ

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്രയായി കോട്ടയത്തേയ്ക്ക് പുറപ്പെട്ടു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ നീണ്ട നിരയാണ് പുതുപ്പള്ളി ഹൗസിൽ എത്തിയിരുന്നത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിനാണ് പുറപ്പെട്ടത്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് എത്തിക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം നാലിടത്താണ് പൊതുദർശനത്തിന് വച്ചത്. പുതുപ്പള്ളി ഹൗസിലും തുടർന്ന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലും പിന്നീട് പാളയം സെന്റ് ജോർജ് കത്തീഡ്രലിലും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങൾ അവസാനമായി കാണാൻ എത്തിയിരുന്നു. പലരും അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ട് വിങ്ങിപ്പൊട്ടി.കെപിസിസി ആസ്ഥാനത്ത് നിന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം പുതുപ്പള്ളി വീട്ടിൽ തിരികെയെത്തിച്ചത്. ഇപ്പോൾ വിലാപ യാത്ര കടന്ന് പോകുന്ന വഴിയിൽ ആയിരങ്ങളാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ കാത്ത് നിൽക്കുന്നത്. മൃതദേഹവും വഹിച്ച് കൊണ്ട് പോകുന്ന വാഹനത്തിന് മുന്നിൽ നൂറ് കണക്കിന് ആളുകൾ ഇപ്പോഴും നടന്ന് നീങ്ങുകയാണ്. ഇപ്പോൾ വിലാപ യാത്ര കേശവദാസപുരത്ത് എത്തിയേ ഉള്ളൂ.