Crime
മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു.10 വീടുകൾക്കും ഒരു സ്കൂളിനും തീയിട്ടു

“
ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. വനിതകൾ നേതൃത്വം നൽകുന്ന അക്രമികൾ ഒഴിഞ്ഞു കിടന്ന 10 വീടുകൾക്കും ഒരു സ്കൂളിനും തീയിട്ടു. ചുരാചന്ദ്പുർ ജില്ലയിലെ ടോർബങ് ബസാറിലാണ് ആയുധധാരികളായ സംഘം അക്രമം അഴിച്ചു വിട്ടത്. അക്രമികൾക്കു ചുറ്റും സുരക്ഷാ കവചം പോലെ നൂറു കണക്കിന് സ്ത്രീകളാണ് അണി ചേർന്നിരുന്നതെന്ന് പൊലീസ് പറയുന്നു.
അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയും പ്രാദേശികമായി നിർമിച്ച ബോംബുകൾ എറിയുകയും ചെയ്തു. അവർക്കും ചുറ്റും സ്ത്രീകൾ വലയം സൃഷ്ടിച്ചിരുന്നതു കൊണ്ട് തിരികെ വെടി വയ്ക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ടോർബങ് ബസാറിലെ ചിൽഡ്രൻ ട്രഷർ ഹൈസ്കൂളാണ് അക്രമികൾ കത്തിച്ചത്. ബിഎസ്എഫിന്‍റെ വാഹനങ്ങൾ തട്ടിയെടുക്കാനും ആൾക്കൂട്ടം ശ്രമിച്ചിരുന്നു. എന്നാൽ മേഖലയിൽ വിന്യസിച്ചിട്ടുള്ള പ്രാദേശിക സംഘം തിരിച്ച് ആക്രമിച്ചതിനാൽ വാഹനം കൊണ്ടു പോകുന്നതിനുള്ള ശ്രമം അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു”