Crime
സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവ ശങ്കർ കസ്റ്റഡിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കസ്റ്റഡിയിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് ഇ.ഡി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തളളിയത്. സ്വാധീന ശേഷിയുളള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്‌മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു.