Crime
കള്ളപ്പണം വെളുപ്പിക്കൽ: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
പാലാരിവട്ടം പാലം നിർമാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച തുക മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം മാറ്റി എടുത്തുവെന്നാണ് കേസ്. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയത്.
2016 നവംബർ 15 ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണൽ ബാങ്ക് എറണാകുളം മാർക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്നായിരുന്നു പരാതി. പി.എ അബ്ദുൾ സമീർ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂർ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുൾ സമീർ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.