Connect with us

Crime

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.

Published

on

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആയുധം ഉപയോഗിച്ചതിന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും വിധിച്ചു. കഠിന തടവിന് ശേഷം ജീവപര്യന്തവും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. സാലിഹും, അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി കണ്ടെത്തിയിരുന്നു.

തെളിവില്ലെന്ന കാരണത്താല്‍ കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. 2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോക്കുള്ളില്‍ വച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റിരുന്നു. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്ള സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സത്താറിന്റെ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലി നോക്കിയിരുന്ന രാജേഷിന് സൗഹൃദം ഉണ്ടായിരുന്നു, ഇതിനെ തുടര്‍ന്നുള്ള സംശയമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

Continue Reading