KERALA
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം: അസിസ്റ്റന്റ് കമ്മീഷണർ കുഴഞ്ഞു വീണു

കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി കുഴഞ്ഞുവീണു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് നിയന്ത്രിക്കാൻ ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തേ തന്നെ സ്ഥലത്തെത്തി ബാരിക്കേഡ് വെച്ച് സുരക്ഷാകവചം തീർത്തിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നു | ഫോട്ടോ: ജെയ്വിൻ ടി. സേവ്യർ.
നേതാക്കളുടെ പ്രസംഗവും മറ്റും കഴിഞ്ഞതോടെ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡുകൾ മറിച്ചിടാൻ ഉൾപ്പെടെ ശ്രമമുണ്ടായി. ഇതേത്തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനുശേഷം പ്രവർത്തകരെ അറസ്റ്റുചെയ്ത് മാറ്റുന്നതിനിടെയാണ് അസിസ്റ്റന്റ് കമ്മിഷണർ കുഴഞ്ഞുവീണത്.
കുഴഞ്ഞുവീണ ഉടൻതന്നെ പോലീസ് വാഹനത്തിൽ ലാൽജിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.